ടെഹ്റാൻ: ഇറാനിലെ മിനാബ് സ്കൂളിനു നേരെയുണ്ടായ ഇസ്രയേൽ സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 180 ആയി. പെൺകുട്ടികളുടെ സ്കൂളിന് നേരെ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.
മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് മേധാവി ഹൊസൈൻ കെർമാൻപൂർ അറിയിച്ചു. ടെഹ്റാനിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്താനും സ്കൂളിൽ ഉപയോഗിച്ച അതേ തരം മിസൈലുകളാണ് ഇസ്രയേൽ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇതൊരു നാലാഴ്ചത്തെ പ്രക്രിയയാണ്. നാലാഴ്ചയോളം എടുക്കുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത്.
അതൊരു വലിയ രാജ്യമാണ്. നാലാഴ്ചയോ അതിൽ കുറവോ സമയമെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും അതുടൻ സംഭവിക്കുമോയെന്ന് വ്യക്തമാക്കിയില്ല.